ബഡ്ജറ്റ് റിപ്പോർട്ട് 2025-26

 

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ് 2025 - 26

(അവതരണം ശ്രീ അബ്ദുല്ലത്തീഫ് മഠത്തിൽ, വൈസ് പ്രസിഡണ്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്)

കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ ആദരണീയയായ പ്രസിഡന്റ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പ്രിയപ്പെട്ട മറ്റ് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഘടക സ്ഥാപനമേധാവികൾ, ജീവനക്കാർ, ബജറ്റ് യോഗത്തിൽ സംബന്ധിക്കുന്ന മറ്റു വിശിഷ്ട വ്യക്തികളെ; 2024-25 വർഷത്തെ ബജറ്റ് അവതരണ യോഗത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.

ലഭ്യമായ വിഭവങ്ങള്‍ ആവശ്യകതയുടെ മുന്‍ഗണനാക്രമം നടത്തി അതിതനുസരിച്ച് ചെലവഴിക്കുന്നതിനുള്ള  അടിസ്ഥാന പ്രമാണമാണ് ബജറ്റ് തയ്യാറാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആ ആവശ്യക്രമമാകട്ടെ സാമൂഹ്യവും സാമ്പത്തികവുമായ മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നതോടൊപ്പം തന്നെ മാനുഷികവുമായിരിക്കണമെന്നതില്‍ ബജറ്റ് തയ്യാറാക്കുന്ന അവസരത്തിൽ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. 

ഗ്രാമ പഞ്ചായത്തിന് ലഭ്യമാകുന്ന തനത് ഫണ്ട് പൂര്‍ണ്ണമായും പിരിച്ചെടുക്കുന്നതിനും ആയത് ജനോപകാരപ്രദമായി വിനിയോഗിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. ശേഖരിക്കപ്പെടുന്ന വിഭവം ബുദ്ധിപൂര്‍വ്വമായി വിന്യസിക്കുകയെന്ന ശ്രമകരമായ ഈ ദൌത്യത്തിന് എല്ലാവരുടെയും സര്‍വ്വാത്മനായുള്ള സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

ബജറ്റ് വര്‍ഷത്തെ പ്രാരംഭ ബാക്കി 71582339/- (ഏഴ് കോടി പതിനഞ്ചു ലക്ഷത്തി എൺപത്തിരണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് ) രൂപയാണ്. നികുതി നികുതിയേതര വരുമാനമായി ആകെ 17140350 (ഒരു കോടി എഴുപത്തൊന്നു ലക്ഷത്തി നാപ്പതിനായിരത്തി മുന്നൂറ്റി അമ്പത് ) രൂപയും   പരമ്പരാഗത ചുമതലകള്‍ക്കുള്ള  വിഹിതമായി 29050000 (രണ്ട് കോടി തൊണ്ണൂറ് ലക്ഷത്തി അമ്പതിനായിരം ) രൂപയും തനത് വരുമാനമായി പ്രതീക്ഷിക്കുന്നു. ആകെ 420605710 (നാപ്പത്തിരണ്ട് കോടി ആറുലക്ഷത്തി അയ്യായിരത്തി എഴുനൂറ്റിപത്ത് ) രൂപ വരവും 413081021 (നാപ്പത്തൊന്ന് കോടി മൂന്നു ലക്ഷത്തി എൺപത്തൊന്നായിരത്തി ഇരുപത്തൊന്ന്  ) രൂപ ചെലവും 7524689 (എഴുപത്തഞ്ച് ലക്ഷത്തി ഇരുപത്തി നാലായിരത്തി അറുനൂറ്റി എൺപത്തൊമ്പത് ) രൂപ നീക്കി ബാക്കിയും ബജറ്റ് വര്‍ഷം കണക്കാക്കുന്നു. 

 

 

 

ബജറ്റ് വർഷത്തിൽ വിവിധ മേഖലകളിൽ വകയിരുത്തിയ തുകയുടെ വിശദാംശങ്ങളും വിവരണവും

  1. കൃഷി

കാർഷിക മേഖലയിൽ ബഹുത്തായ പരിപാടികൾ ബജറ്റ് വർഷം ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. തെങ്ങ് കൃഷിയ്ക്ക് 60 ലക്ഷം രൂപയും കമുങ്ങ് കൃഷിക്ക് 60 ലക്ഷം  രൂപയും അനുവദിക്കുന്നു. കിഴങ്ങ് വിളകളുടെ പ്രോത്സാഹനത്തിനായി 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മേഖലയിൽ ക്യാന്‍സർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന്‍റെ പ്രധാന കാരണം പച്ചക്കറിയിലെ അനിയന്ത്രിതമായ കീടനാശിനിയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയില്‍ ആവശ്യമായ സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറി വളർത്തിയെടുക്കുക എന്നത് ഗ്രാമപഞ്ചായത്ത് പ്രത്യേക പരിഗണന നൽകുന്ന ഒന്നാണ്. അത്തരത്തില്‍ പച്ചക്കറി കൃഷി വികസനത്തിനായി 12 ലക്ഷം രൂപ വകയിരുത്തുന്നു. മലയോര മേഖലയിലെ പ്രധാന കാര്‍ഷിക വിളയായ വാഴ കൃഷിക്കായി 20ലക്ഷം രൂപ യും ഫലവൃക്ഷതൈകളുടെ വിതരണത്തിനായി 9 ലക്ഷം രൂപയും അനുവദിക്കുന്നു.   കാർഷിക വിളകളുടെ വിപണത്തിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.   

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കരുവാരകുണ്ട് പോലുള്ള ഗ്രാമീണ മേഖലയിൽ നിരന്തരം അനുഭവിക്കപ്പെടുന്ന ഒന്നാണ്. ഇതിന് പരിഹാരം എന്നോണം മുൻവർഷങ്ങളിൽ സൗരോർജ വേലി നടപ്പിലാക്കി വരുന്നു. ആയതിന്റെ തുടർച്ചയെന്നോണം മേഖലയിൽ കൃഷിയിടങ്ങളിലേയ്ക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം പ്രതിരോധിക്കാനായി കാർഷിക അനുബന്ധ മേഖല 15 ലക്ഷം രൂപ അനുവദിക്കുന്നു. 

 

  1. മൃഗസംരക്ഷണം

 ഗ്രാമപഞ്ചായത്തിലെ ക്ഷീരോൽപാദന വർദ്ധനവിനും മാസം വര്‍ദ്ധനവിനും ലക്ഷ്യമിട്ടുകൊണ്ട് മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികൾ നടപ്പ് വർഷം വിഭാവനം ചെയ്തിട്ടുണ്ട്. പശു വളർത്തലിന് 1260000 രൂപ കോഴി വളർത്തൽ 630000 രൂപ എന്നിങ്ങനെ അനുവദിക്കുന്നു. മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി 15 ലക്ഷം രൂപയും മൃഗസംരക്ഷണ അനുബന്ധ സൌകര്യങ്ങള്‍ക്കായി4390000രൂപയും ശുദ്ധജല മത്സ്യകൃഷിക്കായി 40000 രൂപയും കാലിത്തീറ്റ സബ്സിഡി,വിപണനം, മറ്റ് പാശ്ചാത്യ സൌകര്യങ്ങള്‍ എന്നിവയ്ക്കായി ആകെ തുടങ്ങി ക്ഷീര വികസനത്തിനായി 78.9ലക്ഷം രൂപയും അനുവദിക്കുന്നു. അത്യുല്പാദന ശേഷിയുള്ള കാലികള‍ക്ക് വരുന്ന രോഗങ്ങളാണ് കര്‍ഷകര്‍‍ നേരിടുന്ന വലിയ വെല്ലുവിളി. ഇതിനായി  50000രൂപ അനുവദിക്കുന്നു.

  1.  മണ്ണ് ജല സംരക്ഷണം 

 പ്രകൃതിയുടെ വലിയതോതിലുള്ള ചൂഷണം കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കും. 2018,2020 വർഷങ്ങളിൽ നാം അഭിമുഖീകരിച്ച പ്രളയം അടക്കമുള്ള ദുരന്തങ്ങളില്‍ നിന്നും പാഠം ഉൾക്കൊണ്ട് വരും തലമുറയ്ക്കായി പരിസ്ഥിരി കാത്തുസൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാ ബദ്ധമാണ്. മണ്ണ് ജല സംരക്ഷണത്തിനായി 15 ലക്ഷം രൂപ വകയിരുത്തുന്നതിനോടൊപ്പം ജല സംരക്ഷണത്തിനായി 20 ലക്ഷം രൂപ കൂടി അനുവദിക്കുന്നു

  1.  പ്രാദേശിക സാമ്പത്തിക വികസന പരിപാടികൾ

പ്രദേശത്തെ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ചെറുകിട വ്യവസായങ്ങളും സൂക്ഷ്മ സംരംഭങ്ങളുടെയും പ്രോത്സാഹനത്തിനായി സാധ്യമായതെല്ലാം ഗ്രാമപഞ്ചായത്ത് ചെയ്യുന്നുണ്ട്.  സ്റ്റാര്‍ട്ടപ്പുകളെയും പുതിയ നിക്ഷേപകരെയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന നയമാണ് ഗ്രാമപഞ്ചായത്തിനുള്ളത്. എന്നിരുന്നാലും മേഖലയിലെ പരിശീലനത്തിന്‍റെ കുറവും നിക്ഷേപത്തിന് തയ്യാറായി വരുന്ന ആളുകളുടെ ദൌര്‍ലഭ്യവും കാണാതിരുന്നുകൂടാ. മേഖലയിലെ ആ കുറവ് നികത്തുന്നതിനായി വ്യവസായ പരിശീലന പരിപാടികൾക്കായി 10 ലക്ഷം രൂപ ,പരമ്പരാഗത കൈതൊഴിലുകളുടെ പ്രോത്സാഹനത്തിനായി 10ലക്ഷം രൂപ, വിപണന പ്രോത്സാഹന പരിപാടികള്‍ക്കായി 10ലക്ഷം എന്നിങ്ങനെ അനുവദിക്കുന്നു. ഇതിന് പുറമെ ജനകീയ ഹോട്ടലിന്റെ ചെലവിനായി  ഒരു ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.

  1. സേവന മേഖല 

 ഗ്രാമീണ മേഖലയിൽ എല്ലാവർഷവും പോലെ തന്നെ ഗ്രാമപഞ്ചായത്ത് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് സേവന മേഖലയിലാണ്. ജനക്ഷേമത്തിനായി സേവന മേഖല ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഭരണസ്ഥാപനങ്ങള്‍ സേവന മേഖലയില്‍ നിന്നും പിന്മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് ആകെ 19.66കോടി രൂപയാണ് മേഖലയ്ക്കായി ഗ്രാമ പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. 

 

  1. വിദ്യാഭ്യാസം

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ജീവിത സാഹചര്യങ്ങൾക്കിടയിലും പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കുള്ള തുല്യത പരീക്ഷ ഗ്രാമപഞ്ചായത്ത് സഗൌരവം കൈകാര്യം ചെയ്യുന്നു. 1.5ലക്ഷം രൂപ തുല്യതാ പഠനത്തിനായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്കായി 5ലക്ഷം രൂപയും അനുവദിക്കുന്നു. പൊതു സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായും പഠിക്കുന്ന കുട്ടി കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഗ്രാമപഞ്ചായത്ത് പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്കായി 10 ലക്ഷം രൂപ അനുവദിക്കുന്നു. കൂടാതെ റോഡ് ഇതര പരിപാലന തുകയില്‍ നിന്നും മേഖലയ്ക്കായി 36ലക്ഷം രൂപയും മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്.  ഇതിനെല്ലാം പുറമേ എസ് എസ് വിഹിതമായി 15 ലക്ഷം രൂപ കൂടി അനുവദിക്കുന്നു.

  1. കലാകായിക വികസനം

യുവജനങ്ങളുടെയും കുട്ടികളുടെയും മികച്ച അക്കാദമിക് നിലവാരം ഉയർത്തുക എന്നോടൊപ്പം തന്നെ അവരെ സാമൂഹ്യജീവികളായി ഉയർത്തിക്കൊണ്ടു വരുക എന്ന് ബാധ്യത കൂടി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നു.  ഗ്രാമപഞ്ചായത്ത് പരിധിയിലെ വായനശാലകളും റീഡിങ് റൂമുകള്‍ക്കും കെട്ടിടങ്ങൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി 47.5ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ ആനുകാലികങ്ങൾ എന്നിവയ്ക്കായി 11 ലക്ഷം രൂപയും അനുവദിക്കുന്നു. കലാസാംസ്കാരിക പ്രോത്സാഹനം പശ്ചാത്തല വികസനത്തിനായി 15ലക്ഷം രൂപ, കേരളോത്സവത്തിന് 1.5ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കുന്നു. പുന്നക്കാട് ,കണ്ണത്ത് എന്നീ ഗ്രൗണ്ടുകള്‍ക്ക് പുറമേ കുട്ടികളെ കായികമായി പ്രോത്സാഹിപ്പിക്കുന്നതിനായി പഴയ കടയ്ക്കൽ സ്കൂളിന് കളിസ്ഥലത്തിന് 13 ലക്ഷം രൂപ അനുവദിക്കുന്നു. 

  1. പട്ടികജാതി പട്ടികവർഗ്ഗ വികസനം 

 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനായി വിശാല അർത്ഥത്തിൽ പദ്ധതികൾ നടപ്പിലാക്കുവാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നു. ജില്ലയുടെ സാമ്പത്തിക വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് വിദേശനാണ്യമാണെന്നതില്‍ തർക്കമില്ല. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിൽ വിദേശ നിക്ഷേപത്തിന്റെ തോട് വളരെ കുറവാണെന്ന തിരിച്ചറിവിൽ നിന്നും മേഖലയിലെ വിവിധ വിഭാഗക്കാർക്ക് വിദേശത്ത് ജോലിക്ക് ധനസഹായത്തിനായി 10 ലക്ഷം രൂപ അനുവദിക്കുന്നു. വിവിധ കോളനികളിലെ ഭവനസുരക്ഷയ്ക്കായി 18ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. കൂടാതെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുമായി ആലോചിച്ച്  ആവശ്യമായ തുക അധികമായി വകയിരുത്തുന്നതാണ്.

  1. ആരോഗ്യം

ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യത്തിന് കേന്ദ്രത്തിനു പുറമേ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ആരോഗ്യ ഉപകരണങ്ങളുടെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. സബ് സെന്ററുകളുടെ നവീകരണത്തിനായി  ആകെ 30 ലക്ഷം രൂപയും പരിരക്ഷ അടക്കമുള്ള പ്രത്യേക ആരോഗ്യ പരിപാടികൾക്കായി 27ലക്ഷം രൂപയും അനുവദിക്കുന്നു. ആരോഗ്യ സ്ഥാപനങ്ങളില്‍ മരുന്നുകള്‍ക്കായി 28ലക്ഷം രൂപയും വകയിരുത്തിയിട്ടുയണ്ട്. ഇതിനെല്ലാം പുറമേ ആരോഗ്യകേന്ദ്രങ്ങള്‍ വെല്‍നസ് സെന്ററുകളാക്കല്‍, അധിക രോഗനിർണയ സംവിധാനങ്ങൾ ഒരുക്കൽ എന്നിവയ്ക്കായി 13.04ലക്ഷം രൂപയും വകയിരുത്തുന്നു. ആയുർവേദ ഡിസ്പെൻസറിക്കായി 5 ലക്ഷം രൂപയും ഹോമിയോ ഡിസ്പെൻസറിക്കായി 5 ലക്ഷം രൂപയും അനുവദിക്കുന്നു. റോഡ് ഇതര പരിപാലന തുകയില്‍ നിന്നും 24.29ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്കായി   വകയിരുത്തിയിട്ടുണ്ട്. 

 

  1. കുടിവെള്ളം

 മലയോര മേഖല ആയിരുന്നിട്ട് കൂടി വേനലിൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഗ്രാമപഞ്ചായത്തിൽ നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിച്ചുവരുന്നു. അവയുടെ പരിപാലനത്തിനും വികസനത്തിനുമായി ഗ്രാമപഞ്ചായത്ത് 43 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതു കുടിവെള്ള വിതരണത്തിനായി 25 ലക്ഷം രൂപയും അനുവദിക്കുന്നു.

  1. ശുചിത്വ - മാലിന്യ സംസ്കരണ പരിപാടികൾ 

            മാലിന്യത്തിന്‍റെ ശരിയായ കൈകാര്യം വ്യക്തികളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ചെറുപ്പം മുതല്‍ക്കേ ശീലിച്ചു വരുന്നതാണ് വ്യക്തിയായും പിന്നീട് സാമൂഹ്യമായും കൈമാറുന്നത്. അതുകൊണ്ട് തന്നെ ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി തുടരേണ്ടത് അത്യന്താപേക്ഷികമാണ്. ആയതിനായി 2.5ലക്ഷം രൂപ വകയിരുത്തുന്നു. മേഖലയില്‍ കൂടുതല്‍ കര്‍ശനമായി നിയമം നടപ്പാക്കേണ്ടതുണ്ട്. നടപടികളുമായി ഗ്രാമ പഞ്ചായത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. കൂടാതെ ഖര ദ്രവ മാലിന്യങ്ങളുടെ നിർമാർജനത്തിനും സംസ്കരണത്തിനുമായി ഗ്രാമപഞ്ചായത്ത് മുൻ വാർഷിക പദ്ധതികളിൽ തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കേണ്ടതും ആവശ്യമാണ്. മാലിന്യ സംസ്കരണ കേന്ദ്രം കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി നവീകരിക്കേണ്ടതുണ്ട്. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണശാലകളിലേക്ക് കയറ്റി അയക്കുന്നതിനും ടൗൺ ക്ലീനിങ് ,ഹരിത കർമ്മ സേന വാഹന ചെലവുകൾ തുടങ്ങി മേഖലയ്ക്ക് ആകെ 84.696ലക്ഷം രൂപ അനുവദിക്കുന്നു. പൊതു ശുചിത്വ പരിപാടികള്‍ക്കായി 20ലക്ഷം രൂപയും ശ്മശാനങ്ങള്‍ക്കായി  10ലക്ഷം രൂപയും അധികമായി വകയിരുത്തുന്നു.

  1. വയോജന – ഭിന്നശേഷി ക്ഷേമ പരിപാടികൾ 

 സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടതും ഏറെ ദുരിതം അനുഭവിക്കുന്നതുമായ വയോജനങ്ങളെയും ഭിന്നശേഷിക്കാരുടെയും പ്രശ്നങ്ങൾ ശക്തമായി അഭിമുഖീകരിക്കുന്ന ബജറ്റാണിത്. പദ്ധതി ആസൂത്രണ മാർഗ്ഗരേഖ പ്രകാരം ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് അനുവദനീയമായ പരമാവധി തുക സ്കോളർഷിപ്പിന് വകയിരുത്തിയിട്ടുണ്ട്. 45ലക്ഷം രൂപ ഇതിനു മാത്രമായി മാറ്റിവെച്ചിരിക്കുന്നു. ഭീന്നശേഷിക്കാരായ കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളെയും കുടുംബങ്ങളെയും സമൂഹത്തോട് ചേർത്തുനിർത്തേണ്ട പദ്ധതികൾ ഗ്രാമപഞ്ചായത്തിന്റെ ചുമതലയാണെന്ന് ഉത്തമ ബോധ്യം പഞ്ചായത്തിലുണ്ട്. അത്തരത്തില്‍ എല്ലാവരെയും ഉള്‍ക്കൊണ്ട് ഭിന്നശേഷിക്കാരുടെ കലോത്സവത്തിനായി 75000 രൂപ അനുവദിക്കുന്നു. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഉത്തരവാദിത്വമായി ഭരണസമിതി കാണുന്നു. മികച്ച പരിശീലകര്‍ക്കൊപ്പം മറ്റ് പശ്ചാത്തല സൌകര്യങ്ങള്‍കൂടി അവിടെ ഏര്‍പ്പെടുത്തുന്നതിന്  23ലക്ഷം രൂപ അനുവദിക്കുന്നു. സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചു വരുന്നതായും ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിൽ കോക്ലിയർ ഇംപ്ലാന്‍റേഷന്‍ നടന്നിട്ടുള്ള കുട്ടികളുടെ പ്രയാസങ്ങൾ നേരിട്ട് എല്ലാവർക്കും നേരിട്ട് അറിവുള്ളതാണ്. ശ്രവണ സഹായികളുടെ മെയിന്റനൻസിനും വാങ്ങലുകൾക്കുമായി ഭാരിച്ച ചെലവുകൾ ആവശ്യമായി വരുന്നു. അവരോടൊപ്പം ചേർന്നിരിക്കുന്നതിനായി കോക്ലിയർ ഇമ്പ്ലാന്റ് മെയിന്റനൻസ് സഹായം എന്ന ഒരു പദ്ധതി ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്യുകയും എണ്ണത്തിന് അനുപാതികമായി 1.5ലക്ഷം രൂപ ആയതിന് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഏതു സേവനം നൽകുന്നതിനും ഗ്രാമപഞ്ചായത്ത് എല്ലായിപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പു കൂടി ഈ ബജറ്റ് അവതരണ വേളയിൽ നൽകുവാൻ ആഗ്രഹിക്കുന്നു. 

വയോ ക്ഷേമ പരിപാടികൾക്കായി പകൽവീട് സജീവമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നു ആയതിനായി ഒരു സ്ഥിരം കെയർടേക്കറെ ഗ്രാമപഞ്ചായത്ത് നിയമിച്ചിട്ടുണ്ട് .ആയതിനായി 1.5ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തുന്നു. കൂടാതെ മറ്റ് വയോജനക്ഷേമ പരിപാടികള്‍ക്കായി3.84ലക്ഷം രൂപയുംഅനുവദിക്കുന്നു. 

 

  1. വനിതാ ശിശു ക്ഷേമ പരിപാടികൾ

വനിതകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് സമൂഹത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് കൂടുതല്‍ സജീവമായി ഇടപെടുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വനിതാ വികസന കേന്ദ്രം സ്ഥാപിച്ച് കമ്യൂണിറ്റി വിമന്‍ ഫെസിലിറേററെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വനിതാശാക്തീകരണ കേന്ദ്രത്തിന് 10ലക്ഷം രൂപ അനുവദിക്കുന്നു. സി.ഡബ്ല്യു.എഫ് ഈ കേന്ദ്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനും വനിതാ ശിശു മേഖലയിലെ തയ്യാറാക്കുന്ന കണക്കുകളെ അടിസ്ഥാനമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.  വരുന്ന 5 വര്‍ഷത്തിനകം ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഇത്തരത്തില്‍ സ്വീകരിക്കുന്നതാണ്. സാനിറ്ററി നാപ്കിനുകളുടെ സംസ്കരണം  സ്ത്രീകള്‍ ഏറെ പ്രയാസം നേരിടുന്ന ഒന്നാണ്. നാപ്കിന്‍ ഡിസ്ട്രോയര്‍ സ്ഥാപിക്കുന്നതിന് 8ലക്ഷം രൂപ അനുവദിക്കുന്നു. ജാഗ്രത സമിതികൾ സജീവമാക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നു. മേഖലയിലെ പ്രവര്ത്തനങ്ങള്‍ ജെൻഡർ ബജറ്റിൽ കൂടുതൽ വിശദമായി പ്രതിപാദിക്കുന്നതാണ്. സാമൂഹ്യ സുരക്ഷാ പരിപാടികളില്‍ അങ്കണ്‍വാടികളുടെ പങ്ക് വലുതാണ്. അതുകൊണ്ട് തന്നെ വിവിധ അങ്കണ്‍വാടികളുടെ നവീകരണത്തിനായി 22 ലക്ഷം രൂപ അനുവദിക്കുന്നു. കുട്ടികളിലെ പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള അനുപൂരക പോഷകാഹാര പരിപാടിയ്ക്കായി 93 ലക്ഷം രൂപ അനുവദിക്കുന്നു. ബാലസഭ അങ്കണ്‍വാടി കലോത്സവം എന്നിവയ്ക്കായി 25000രൂപയും റോഡ് ഇതര പരിപാലന തുകയില്‍ നിന്നും മേഖലയ്ക്കായി 27.24ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 

  1. ഭവന പദ്ധതിയും ദാരിദ്ര്യ നിര്‍‍മ്മാര്‍ജ്ജന പരിപാടികളും 

 സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി അതിന്റെ പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വീട് അനുവദിക്കുക എന്നതുതന്നെയാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ബജറ്റ് വർഷം കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള തുക മുൻവർഷങ്ങളിൽ കരാർ ഏർപ്പെട്ടവരുടെ ബാക്കിതുക, വീട് നവീകരണപദ്ധതികള്‍, ഭവന പദ്ധതികള്‍ക്കുള്ള വിഹിതം, ഭവന പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലം വാങ്ങല്‍ എന്നിങ്ങനെ  ആകെ 814.8ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ബജറ്റ് വർഷം നടപ്പാക്കാനാകുമെന്ന അത്മവിശ്വാസം ഗ്രാമ പഞ്ചായത്തിനുണ്ട്. എന്ന് വരുത്തുമെന്ന് ബജറ്റ് വർഷം ഗ്രാമപഞ്ചായത്ത് കണക്കാക്കുന്നു. 

 അതിദാരിദ്ര്യ നിര്‍‍മ്മാര്‍ജ്ജനം സാമൂഹ്യ ഉത്തരവാദിത്വമാണെന്നിരിക്കെ ആയതിനുള്ള കൈത്താങ്ങ് ഗ്രാമ പഞ്ചായത്തില്‍ നിന്നും എക്കാലവും ഉണ്ടാകേണ്ടതുണ്ട്. ആശ്രയ അഗതി പുനരധിവാസത്തിനായി 5 ലക്ഷം രൂപഅനുവദിക്കുന്നതിന് പുറമെ അതിദാരിദ്ര്യരുടെ വീട് വാടക, മരുന്ന് തുടങ്ങിയവയ്ക്കായി 1.1ലക്ഷം രൂപ കൂടി അനുവദിക്കുന്നു. ഇതിനെല്ലാം പുറമെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 403.9ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ്.

  1. ടൂറിസം

 ഗ്രാമപഞ്ചായത്തിന്റെ അനന്തമായ ടൂറിസം സാധ്യത നാളിതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. ഡി.ടി.പി.സി ഏറ്റെടുത്തു നടത്തുന്ന ഏതാനും കേന്ദ്രങ്ങള്‍ ഒഴിച്ചാല്‍ മറ്റുള്ളവയുടെ സാധ്യത നാളിതുവരെ പ്രയോജനപ്പെടുത്തിയിട്ടല്ല. വനം വകുപ്പുമായി സഹകരിച്ച് കാടിനകത്തുള്ള കേന്ദ്രങ്ങളെ കൂടി ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് നടപടികള് സ്വീകരിക്കുന്നതാണ്. കൂടാതെ സ്വകാര്യ വ്യക്തികളുടെ കൈവശ ഭൂമിയിലുള്ളവ കൂടി ഇത്തരത്തില് പൊതുജനങ്ങള്‍ക്ക് ആസ്വാദ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതാണ്. വിവിധ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ടോക്കണായി  2 ലക്ഷം രൂപ അനുവദിക്കുന്നു. ഇതിന് പുറമേ ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 15 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തുന്നു

 

  1. റോഡുകള്‍ മറ്റ് ഗതാഗത സൌകര്യമൊരുക്കല്‍

 ഗ്രാമീണ മേഖലയിലെ റോഡുകളുടെ നവീകരണം പരിപാലനം പുതിയ റോഡുകളുടെ നിർമ്മാണം എന്നിങ്ങനെയുള്ള മേഖലയിൽ ഗ്രാമപഞ്ചായത്ത് വലിയതുകകള്‍ വര്‍ഷം തോറും വകയിരുത്തുന്നുണ്ട്. വിവിധ റോഡുകളുടെ കോൺക്രീറ്റിങ് അടക്കമുള്ള പ്രവർത്തികൾക്കായി 64 ലക്ഷംരൂപ, നടപ്പാതകള്‍ക്കായി 24 ലക്ഷംരൂപ, ഡ്രൈനേജുകള്‍ കലുങ്കുകള്‍ എന്നിവയ്ക്കായി 10 ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കുന്നു. ഇതിനെല്ലാം പുറമെ റോഡ് ആസ്തി പരിപാലത്തിനുള്ള 168.09ലക്ഷം രൂപയും മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്.

  1. സദ്ഭരണം

ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ അധിക സാങ്കേതിക സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി 5ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഐ.കെ.എം വിഹിതമായി 1.69ലക്ഷം രൂപ, ഘടക സ്ഥാപനങ്ങളില്‍ നിന്നും സേവന സൌകര്യങ്ങള് വര്‍ദ്ധിപ്പിക്കുന്നതിനായി 14.32ലക്ഷം രൂപ എന്നിങ്ങനെ തുക അനുവദിക്കുന്നു.

  1. ഊര്‍ജ്ജം

മലയോരമേഖലയായ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന ശക്തമായ മഴയും ഇടിയോട് കൂടിയ മിന്നലും തെരുവ് വിളക്കുകള്‍ വളരെപെട്ടന്ന് തകരാറിലാകുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല കൃത്യമായി ഇവ റിപ്പയര് ചെയ്യുന്നതിന് ആളുകളെ കിട്ടാത്തതും സാധാരണമാണ്. അതുകൊണ്ട് തന്നെ തെരുവ് വിളക്കുകളുടെ പരിപാലനത്തിനും പുതിയവ സ്ഥാപിക്കുന്നതിനുമായി മുന്‍വര്‍ഷം വകയിരുത്തിയ തുകയ്ക്കുള്ള പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള് ഗ്രാമ പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്. ബജറ്റ് വര്‍ഷം പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കലിനും പരിപാലനത്തിനുമായി 15ലക്ഷം രൂപ അനുവദിക്കുന്നു. ഓഫീസ്, ഘടക സ്ഥാപനങ്ങള്‍ എന്നിവയുടെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ക്കായി 5ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

 

  1. ഉപസംഹാരം

സങ്കീര്‍ണ്ണമായ സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ് കാലം കടന്നുപോയികൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി കുടുംബത്തിന്‍റെ അകത്തളങ്ങളില് വന്ന മാറ്റം സമൂഹത്തില് പ്രകടമായികൊണ്ടിരിക്കുന്നു. മദ്യത്തിന്‍റെയും തീവ്ര ലഹരി ഉല്പന്നങ്ങളുടെയും ഉപയോഗം മുമ്പെന്നുമില്ലത്ത വിധം പ്രകടവും ആപത്കരവുമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. നല്ല മാറ്റത്തിനായുള്ള തുടക്കം കുറിക്കാനായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് ശക്തമായി ഇടപെടുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഏറെ കാര്യങ്ങള്‍ സംഭാവന ചെയ്യാന് സാധിക്കുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ എല്ലാവരും അതിന് വ്യക്തിപരമായി കൂടി സന്നദ്ധരാകേണ്ടതുണ്ടെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു 

ഓരോ ബജറ്റും ഒരു അടയാളപ്പെടുത്തലുകളാണ്. ഓരോ കാലഘട്ടത്തിലെയും വിഭവങ്ങളും ആവശ്യങ്ങളും കണക്കാക്കി സാമൂഹ്യസ്ഥിതി ഉള്‍ക്കൊണ്ട് അതിനൊത്തവിധം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക വഴി ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു സുവര്‍ണ്ണ വികസന രേഖയായി ഈ ബജറ്റും മാറുമെന്ന പ്രതീക്ഷ ഞാനിവിടെ പങ്കു വെയ്ക്കുന്നു.

  1. 2025-26 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്‍‍റെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു

ക്രമനമ്പർഇനംപ്രതീക്ഷിക്കുന്ന വരവ് (രൂപ) തുക അക്ഷരത്തിൽ
1

 

നികുതി വരവുകൾ

 

11850000

ഒരുകോടി പതിനെട്ടുലക്ഷത്തി അമ്പതിനായിരം രൂപ
2

 

നികുതിയേതര വരവുകൾ

 

5290350

അമ്പത്തിരണ്ടുലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റമ്പത് രൂപ
3

 

ജനറൽ പർപ്പസ് ഫണ്ട്

 

29050000

രണ്ട് കോടി ഒമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ
4

 

വികസന ഫണ്ട്- ജനറൽ

 

50052000

അഞ്ച് കോടി അമ്പത്തിരണ്ടായിരം രൂപ
5

 

വികസന ഫണ്ട് –എസ് സി പി

 

10040000

ഒരു കോടി നാപ്പതിനായിരം രൂപ
6

 

വികസന ഫണ്ട് ടി എസ് പി

 

762000

ഏഴുലക്ഷത്തി അറുപത്തിരണ്ടായിരം രൂപ
7

 

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്‍റ്

 

17788000

ഒരു കോടി എഴുപത്തേഴു ലക്ഷത്തി എമ്പത്തെട്ടായിരം രൂപ
8

 

മെനിൻറനൻസ് ഗ്രാൻറ് - റോഡ്

 

16809000

ഒരു കോടി അറുപത്തെട്ടു ലക്ഷത്തി ഒമ്പതിനായിരം രൂപ
9

 

മെനിൻറനൻസ് ഗ്രാൻറ്  - നോൺറോഡ്

 

9754000

തൊണ്ണൂറ്റേഴു ലക്ഷത്തി അമ്പത്തിനാലായിരം രൂപ
10

 

KURDFC  ലോൺ

 

35000000

മൂന്നു കോടി അമ്പത് ലക്ഷം രൂപ
11

 

സംയോജിത പദ്ധതികൾക്കുള്ള വരവുകൾ

 

7240000

എഴുപത്തിരണ്ടു ലക്ഷത്തി നാപ്പതിനായിരം രൂപ
12കേന്ദ്രാവിഷ്കൃത പദ്ധതികൾ/സ്കീമുകൾ (എസ് എൻ പി,തൊഴിലുറപ്പ് ഉൾപ്പെടെ)

 

45422135

നാല് കോടി അമ്പത്തിനാലു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി നൂറ്റിമുപ്പത്തഞ്ച് രൂപ
13സംസ്ഥാനാവിഷ്കൃത പദ്ധതികൾ/സ്കീമുകൾ(പെൻഷൻ,തൊഴിൽരഹിത വേതനം,സാധുക്കളായ വിധവകൾക്കുള്ള ധനസഹായം,ലൈഫ് സ്റ്റേറ്റ് ഷെയർ)

 

90172030

ഒമ്പത് കോടി ഒരുലക്ഷത്തി എഴുപത്തിരണ്ടായിരത്തിമുപ്പത് രൂപ
14

 

ഗുണഭോക്തൃ വിഹിതം

 

10889856

ഒരുകോടി എട്ടുലക്ഷത്തി എമ്പത്തൊമ്പതിനായിരത്തി എണ്ണൂറ്റി അമ്പത്താറ് രൂപ
15

 

മറ്റുള്ളവ (ഹെല്‍ത്ത് ഗ്രാന്‍റ് അടക്കം)

 

6304000

അറുപത്തിമൂന്നു ലക്ഷത്തി നാലായിരം രൂപ

 

ചെലവുകള്‍

ക്രമനമ്പർഇനംപ്രതീക്ഷിക്കുന്ന ചെലവ് (രൂപ) തുക അക്ഷരത്തിൽ
1അനിവാര്യ ചുമതലകൾക്ക് വേണ്ടിയുള്ള ചെലവുകൾ

 

22448000

 

രണ്ടുകോടി ഇരുപത്തിനാലു ലക്ഷത്തി നാപ്പത്തെട്ടായിരം രൂപ
2പദ്ധതി ചെലവുകൾ (റവന്യൂ ചെലവുകൾ)

 

291685991

 

ഇരുപത്തൊമ്പത് കോടി പതിനാറുലക്ഷത്തി എമ്പത്തയ്യായിരത്തി തൊളളായിരത്തി തൊണ്ണൂറ്റൊന്ന് രൂപ
3പദ്ധതിയേതര ചെലവുകൾ(പെൻഷൻ, തൊഴിൽരഹിത വേതനം,സാധുക്കളായ വിധവകൾക്കുള്ള ധനസഹായം,)

 

72872030

ഏഴ് കോടി ഇരുപത്തെട്ട് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി മുപ്പത് രൂപ
4പദ്ധതി ചെലവുകൾ (മൂലധന ചെലവുകൾ)

 

26075000

രണ്ട് കോടി അറുപത് ലക്ഷത്തി എഴുപത്തയ്യായിരം രൂപ

 

  1. 2025-26 വര്‍ഷത്തെ ബജറ്റ് ഭരണസമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.