കരുവാരകുണ്ടിന്റെ പേര് അതിന്റെ പുരാതനമായ ഇരുമ്പ് ഉരുക്ക് വ്യവസായവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് പശ്ചിമഘട്ട മലനിരകളിൽ നിന്ന് ശേഖരിച്ചിരുന്ന ഇരുമ്പയിര് (Iron Ore) ഈ പ്രദേശത്ത് കൊണ്ടുവന്ന് വലിയ തോതിൽ ഉരുക്കി ശുദ്ധീകരിച്ചിരുന്നു. കരു: ഇരുമ്പ് അയി

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ ചരിത്രം 

കരുഎന്നാൽ ഇരുമ്പയിര് എന്നാണ് അർത്ഥം ഇരുമ്പയിര് വാരി എടുത്തിരുന്ന സ്ഥലം കരുവാരക്കുണ്ടായി അറിയപ്പെട്ടു. ഇരുമ്പുമായി ഈ പ്രദേശത്തിന് അതിപുരാതനമായ ബന്ധം ഉണ്ടായിരുന്നെന്ന് ചരിത്ര സൂചനകൾ ഉണ്ട്. അയിരു പണി എടുത്തിരുന്നവർക്ക് അരിപ്പണിക്കാർ എന്ന കുടുംബപ്പേര് ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കരുവാരകുണ്ടിനെ വേണമെങ്കിൽ ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ എന്ന് വിളിക്കാം. 2000 വർഷങ്ങൾക്കു മുമ്പ് ഇരുമ്പ് കൊണ്ട് ഇവിടെ നിർമ്മിക്കപ്പെട്ട വാൾ, ചട്ടി തുടങ്ങിയവ ഈജിപ്ത്, തുർക്കി, ഡമാസ്കസ് ,തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതായി ചരിത്രം പറയുന്നു. കരുവാരകുണ്ടിലെ ഓരോ സ്ഥലനാമത്തിന്റെ പിന്നിലും ചരിത്രം ഉണ്ട്. അയിരുള്ള മണൽ പ്രദേശം അരിമണൽ എന്നും, ആറിന്റെ തലക്കലുള്ള സ്ഥലം ആർത്തല എന്നും ,കോർമ്മത്തുകാരുടെ കച്ചവടത്തിൽ പഴയ കട ഇരുന്നിരുന്ന സ്ഥലം പഴയ കട എന്നും, പുതിയ കട ഉണ്ടായ സ്ഥലം പുതിയ കട എന്നും ചെട്ടിയാന്മാർ പാവുമുണ്ട് നേയ്തിരുന്ന സ്ഥലം പാവായി, ആൾപ്പാർപ്പില്ലാതിരുന്ന സ്ഥലം തരിശായി എന്നും, കാടും മേടും കടന്നു ചെല്ലുമ്പോൾ പുല്ലിന്റെ വെട്ടം ഉള്ള സ്ഥലം പുൽവെട്ടാ എന്നും വീട്ടി കൂടുതൽ ഉണ്ടായിരുന്ന സ്ഥലം വീട്ടിക്കുന്ന് എന്നും പുന്ന കൂടുതൽ ഉണ്ടായിരുന്ന സ്ഥലം പുന്നക്കാട് എന്നും വാക കൂടുതലുണ്ടായിരുന്ന സ്ഥലം വാക്കോട് എന്നും നെല്ല് ചേറിയപ്പോൾ മുറം കീറിയ ഇടം മുറുകീറി എന്നും മരുത് നിന്ന സ്ഥലം മരുതിങ്ങൽ എന്നും പൊടുവണ്ണി  നിന്ന സ്ഥലം പൊടുവണ്ണി എന്നും വിളിക്കപ്പെട്ടു.

 1921 ബ്രിട്ടീഷുകാർക്കെതിരെ ഏറനാട്ടിൽ പൊട്ടിപ്പുറപ്പെട്ട മലബാർ കലാപത്തിന്റെ അലയടികൾ കരുവാരകുണ്ടിലും എത്തിയിരുന്നു. 1921 ഓഗസ്റ്റ് ഇരുപതാം തീയതി തിരൂരങ്ങാതി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു എന്ന വാർത്തയറിഞ്ഞ് ഇവിടെയും ബ്രിട്ടീഷ് വിരോധം കത്തിജ്വലിച്ചു. പിറ്റേന്ന് കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ ആക്രമിച്ചു ആയുധങ്ങൾ പിടിച്ചെടുത്തു സ്റ്റേഷനിൽ ഉണ്ടായിരുന്ന നാല് പോലീസുകാർ ജീവനും കൊണ്ടോടി. പോലീസ് സ്റ്റേഷൻ കത്തിച്ചാമ്പലായി. ഇവിടുത്തെ ടി.ബി യുംകേരള എസ്റ്റേറ്റിലെ സായിപ്പിന്റെ ബംഗ്ലാവും ഫാക്ടറിയും ആക്രമിക്കപ്പെട്ടു. കാൾബ്രൂക്ക്, ബ്രൗൺ തുടങ്ങിയ സായിപ്പുമാർ കാട്ടിൽ അഭയം തേടി. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നും കാട്ടിലൂടെ വരികയായിരുന്ന ഈറ്റൻ സായിപ്പിനെ ലഹളക്കാർ പിടികൂടി വധിച്ചു. പാണ്ടിക്കാട് ചന്തപ്പുരയുന്തൽ സമരത്തിലും ഇവിടുത്തെ ധാരാളമാളുകൾ പങ്കെടുത്തിരുന്നു. കലാപം അമർച്ച ചെയ്യാൻ കരുവാരകുണ്ടിലെത്തിയ ബ്രിട്ടീഷ് പട്ടാളം ആദ്യം ചെമ്പൻകുന്നിലും പിന്നീട് ചേമ്പിൻകുന്നിലും ബാരക്കുകൾ സ്ഥാപിച്ചു. ഇപ്പോഴുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത് ഈ ബാരക്കിലാണ്. ലഹളയിൽ പങ്കെടുത്ത നിരവധി ആളുകളെ നാടുകടത്തിയിട്ടുണ്ട് .ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കേണലായി സ്വയം അധികാരമേറ്റ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക്  ഈ പ്രദേശവുമായി ഉറ്റ ബന്ധം ഉണ്ടായിരുന്നു. 1949 കേരള എസ്റ്റേറ്റിലെ ഒരു തൊഴിലാളി സമരത്തിൽ ബ്രിട്ടീഷുകാരോട് തൊഴിലാളികൾക്ക് വേണ്ടി സംസാരിച്ചത് സഖാവ് കുഞ്ഞാലി ആയിരുന്നു. സമരം വിജയിച്ചതോടെ തോട്ടം മേഖലയിൽ തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെട്ടു തുടങ്ങി . 1952 കേരളത്തിൽ നടന്ന ഭൂസമരം കരുവാരക്കുണ്ടിലും മുഴങ്ങിക്കേട്ടു സഖാവ് കുഞ്ഞാലിയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ സമരം പാറക്കോട്ടുകാർ പാട്ടത്തിനെടുത്ത കോവിലകം ഭൂമിയിൽ 500 ഓളം ആളുകൾ പ്രവേശിക്കുകയും അറസ്റ്റ് വരക്കുകയും ചെയ്തു. സ്വകാര്യമേഖലയിലുള്ള ഏതാനും ചെറുകിട വ്യവസായ സ്ഥാപനങ്ങളും പപ്പട നിർമ്മാണം ,അച്ചാർ നിർമ്മാണം തുടങ്ങിയ വനിതാ വ്യവസായ സംരംഭങ്ങളും കൊട്ട, മുറം മുതലായ പാരമ്പര്യ കുടിൽ വ്യവസായങ്ങളും മാത്രമാണ് ഇന്ന് തൊഴിൽ മേഖലയിൽ ഉള്ളത്. വ്യവസായിക വളർച്ചയ്ക്ക് അനുകൂലമായ എല്ലാ ഘടകങ്ങളും ഈ പഞ്ചായത്തിൽ ഉണ്ട്. ഗതാഗതത്തിന് റോഡുകൾ മാത്രമുള്ള ഒരു പ്രദേശമാണ് ഈ ഗ്രാമം. പഞ്ചായത്തിലെ ഏറ്റവും വലിയ ഗ്രാമീണ റോഡ് ഇരിങ്ങാട്ടിരി കാൽവരി മൗണ്ട് റോഡാണ്. മലപ്പുറം ജില്ലയിലെ പ്രമുഖ കാർഷിക മേഖലയായ കരുവാരകുണ്ട് പഞ്ചായത്ത് വനവുമായി അടുത്തു കിടക്കുന്നതും കുന്നും മലകളും നിറഞ്ഞതും തികച്ചും ചരിഞ്ഞു കിടക്കുന്ന പ്രദേശവും ആണ്. പ്രധാനമായും റബ്ബർ, തെങ്ങ്, സുഗന്ധവിളകളായ കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി, മഞ്ഞൾ, ഗ്രാമ്പു, എന്നിവയും വാഴ, കാപ്പി, പച്ചക്കറികൾ, മരച്ചീനി, കശുമാവ്, ചേമ്പ്, ചേന, എന്നിവയും ഔഷധസസ്യങ്ങളും ആണ് കൃഷി ചെയ്തുവരുന്നത്. പഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം സമുദ്രനിരപ്പിൽ നിന്ന് 1250 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഒലിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. 1050 മീറ്റർ ഉയരത്തിൽ നിന്ന് കല്ലൻ പുഴയും ഉത്ഭവിക്കുന്നു. ഈ രണ്ടു പുഴകളുടെയും നീർത്തട പ്രദേശമാണ് കരുവാരകുണ്ട്. കരുവാരകുണ്ടിനെ സമ്പന്നമാക്കുന്നത് അവിടുത്തെ നീരൊഴുക്കുകളാണ്.  കടലുണ്ടിപ്പുഴയുടെ പ്രധാന പോഷകനദിയാണ് ഒലിപ്പുഴ. മലകളാലും കുന്നുകളാലും ചുറ്റപ്പെട്ട പ്രകൃതി രമണീയമായ കരുവാരകുണ്ടിലെ വെള്ളച്ചാട്ടങ്ങളിൽ കേരളാംകുണ്ട് വാട്ടർഫാൾസ് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്.

 സാംസ്കാരിക ചരിത്രം 

കരു എന്നാൽ ഇരുമ്പയിര് എന്നാണ് അർത്ഥം. ഇരുമ്പയിര് വാരിയെടുത്തിരുന്ന സ്ഥലം കരുവാരക്കുണ്ടായി അറിയപ്പെട്ടു. മഹത്തായ സംസ്കാരിക പൈതൃകം സ്വന്തമായിയുള്ള നാടാണ് കരുവാരകുണ്ട്. ആദരണീയ വ്യക്തിത്വത്തിന് ഉടമയും പണ്ഡിതനുമായ കെ.ടി മാനു മുസ്ലിയാർ ആദ്യമായി മറുനാട്ടിൽ പോയി ബിരുദം നേടിയ വ്യക്തിയാണ്. നജാത്ത് സ്ഥാപനങ്ങളുടെ മുഖ്യശില്പി കൂടിയാണ് ഇദ്ദേഹം. കരുവാരകുണ്ട് ഗ്രാമത്തെ സംസ്കാര സമ്പന്നമാക്കുന്നതിൽ ഇവിടുത്തെ സാംസ്കാരിക കേന്ദ്രങ്ങളായ മതസ്ഥാപനങ്ങളും വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ക്ലബ്ബുകളും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും ഈ ഗ്രാമത്തിൽ ഉണ്ട്.  കരുവാരകുണ്ടിൽ 1959 ലാണ് ആദ്യമായി പൊതു ഗ്രന്ഥശാലയ്ക്ക് തുടക്കമിട്ടത്. 1967ൽ തരിശിൽ സ്ഥാപിച്ച ഗ്രന്ഥശാല പിന്നീട് എൻ.യു.കെ മൗലവി മെമ്മോറിയൽ ലൈബ്രറിയായി മാറുകയുണ്ടായി. 1973 പുന്നക്കാട് പ്രവർത്തനമാരംഭിച്ച പ്രതിഭാ ഗ്രന്ഥശാലയും 1992ൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഹാജി എം മുസ്തഫ കുരിക്കൾ സ്മാരക സംസ്കാരിക നിലയവും, 1973 ൽ പുന്നക്കാട് പ്രവർത്തനം ആരംഭിച്ച പ്രതിഭാ ഗ്രന്ഥശാലയും, 1989 കക്കറയിൽ സ്ഥാപിച്ച വിദ്യാഗ്രന്ഥശാലയും, കേമ്പിൻ കുന്നിൽ പ്രവർത്തിച്ചുവരുന്ന നവധാര വായനശാലയും, കുട്ടത്തിയിൽ പ്രവർത്തിക്കുന്ന സഹൃദയ വായനശാലയും, കിഴക്കേ തലയിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ലൈബ്രറിയും, പുത്തനഴി ഗ്രന്ഥശാലയും, അരിമണലിലെ ഉമ്മൻ സ്മാരക ഗ്രന്ഥശാലയും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലകൾ ആണ്. 21 വിദ്യാഭ്യാസ സ്ഥാപനങ്ങളും 39 അംഗൻവാടികളും 2 ആർട്സ് കോളേജുകളും ഇവിടെ ഉണ്ട്.

ആദിമ ചരിത്രവും പുരാവസ്തു തെളിവുകളും

കരുവാരകുണ്ടിന്റെ ചരിത്രം ശിലായുഗത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു.

കല്ലറകൾ: പ്രാചീന മനുഷ്യർ ഉപയോഗിച്ചിരുന്ന മുനിയറകൾ, നന്നങ്ങാടികൾ (Burial Urns) എന്നിവ പ്രദേശത്തെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ചരിത്രരേഖകൾ: വില്യം ലോഗന്റെ 'മലബാർ മാനുവലിൽ' (1887) കരുവാരകുണ്ടിലെ മികച്ച ഇരുമ്പ് വ്യവസായത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

ടിപ്പു സുൽത്താന്റെ പടയോട്ടം: ടിപ്പുവിന്റെ സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ നിർമ്മിക്കാനുള്ള ഇരുമ്പ് ഇവിടെ നിന്ന് ശേഖരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതിന് തെളിവായി 'വാളാംകുളം' എന്ന സ്ഥലനാമം ഇന്നും നിലനിൽക്കുന്നു.

കുടിയേറ്റവും സാമൂഹിക ജീവിതവും

കുടിയേറ്റം: 1940-50 കാലഘട്ടങ്ങളിൽ മധ്യതിരുവിതാംകൂറിലെ പാലാ, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഇവിടേക്ക് കുടിയേറി. മലമ്പനിയോടും വന്യമൃഗങ്ങളോടും പടവെട്ടിയാണ് അവർ ഈ പ്രദേശത്തെ ഒരു കാർഷിക ഗ്രാമമാക്കി മാറ്റിയത്.

ആദിവാസി സമൂഹങ്ങൾ: കുടിയേറ്റത്തിന് മുമ്പ് പണിയർ, കുറിച്യർ, മുതുവാൻ എന്നീ വിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിച്ചും 'പുനം' കൃഷി നടത്തിയും ഇവിടെ ജീവിച്ചിരുന്നു.

ആരാധനാലയങ്ങൾ: പഴയ ജുമുഅത്ത് പള്ളി, പുരാതനമായ കാവുകൾ, കുടിയേറ്റക്കാർ സ്ഥാപിച്ച ക്രിസ്ത്യൻ പള്ളികൾ എന്നിവ ഇവിടുത്തെ മതസൗഹാർദ്ദത്തിന്റെ അടയാളങ്ങളാണ്.

5. സമ്പദ്‌വ്യവസ്ഥയും വികസനവും

കൃഷി: റബ്ബർ, കാപ്പി, കുരുമുളക്, കൊക്കോ, തെങ്ങ് എന്നിവയാണ് പ്രധാന വിളകൾ.

ഗതാഗതം: പഴയകാലത്ത് കാളവണ്ടികളും വനപാതകളുമായിരുന്നു പ്രധാന ആശ്രയം. 1950-60 കാലഘട്ടത്തിലാണ് ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നത്.

ഗൾഫ് കുടിയേറ്റം: 1970-കളുടെ അവസാനത്തോടെ ഉണ്ടായ ഗൾഫ് കുടിയേറ്റം കരുവാരകുണ്ടിന്റെ സാമ്പത്തിക മുഖച്ഛായ മാറ്റിമറിച്ചു.